പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

പ്രതിരോധ പ്രവർത്തനങ്ങളുമായി വെണ്ണിയേക്കര ജയ് ജവാൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രവർത്തകർ.


ഈസ്റ്റ് എളേരി: ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി വെണ്ണിയേക്കര ജയ് ജവാൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പ്രവർത്തകർ.  വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാനും വീടുകൾ തോറും കയറിയിറങ്ങി സുരക്ഷാ നിർദേശങ്ങൾ നൽകാനും ക്ലബ് പ്രവർത്തകർ ഞായറാഴ്ച ദിനം ഒന്നിച്ചിറങ്ങി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് വീടുകൾ കയറിയുള്ള ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തിയത്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി ക്ലബ് പ്രവർത്തകർ ഇറങ്ങിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വീടുകൾ കയറിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, പബ്ലിക് ഹെൽത്ത് നഴ്‌സ് ഫൗസിയ, ആശാ പ്രവർത്തകരായ തങ്കമണി, ജിത എന്നിവർ ഓരോ സംഘത്തെയും അനുഗമിച്ചു. വെണ്ണിയേക്കര ഗ്രാമത്തിൽ, ഈസ്റ്റ് എളേരി പഞ്ചായത്തിൽപ്പെടുന്ന 11, 12 വാർഡുകളിലെ വീടുകളിലാണ് ക്ലബ് പ്രവർത്തകർ ഡെങ്കിപ്പനി ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്

ഈസ്റ്റ് എളേരി പഞ്ചായത്തിലെ 12ാം വാർഡിൽ പെടുന്ന പാറക്കടവിൽ അടുത്തിടെ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിക്കാനും വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകാതിരിക്കാനുള്ള നടപടികൾ എന്തെല്ലാമാണെന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്നതിനും ക്ലബ് പ്രവർത്തകർ രംഗത്തിറങ്ങിയത്. പഞ്ചായത്തിലെ ആരോഗ്യവിഭാഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയും നൽകി. സിജു ജോർജ്, കൃഷ്ണകുമാർ കെപി, ജലീൽ നീലംപാറ, ജിനേഷ് ആർ കെ, സിറിൾ സണ്ണി, ആൽബിൻ തോമസ്, ലിബിൻ, ജിൻസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment